Tuesday, February 23, 2010

കേരളീയ സമാജം കാന്റീൻ പൊളിച്ചതാര്?

സമാജം കാന്റീൻ സംബന്ധിച്ചുള്ള വാർത്തകൾ രണ്ട് ദിവസമായി പത്രവാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അത് ശ്രദ്ധിക്കുന്ന എല്ലാ മലയാളികൾക്കും അതിനുള്ളിലെ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ടാകും. ബഹ്‌റൈൻ സുരക്ഷിതമായ നിയമ വാഴ്ചയുള്ള ഒരു രാജ്യമാണ്. ഇവിടെ എന്തെങ്കിലും നിർമ്മാ‍ണ പ്രവർത്തനങ്ങൾ നടത്തണമെങ്കിലും കച്ചവടങ്ങൾ നടത്തണമെങ്കിലും ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. ഇത്തരത്തിൽ അനുവാദം വാങ്ങാതെ ഒരു പട്ടിക്കൂട് പോലും ഇവിടെ സ്വദേശികളോ, വിദേശികളോ ആയ ആരും പണികഴിപ്പിക്കുകയോ അതിൽ കച്ചവടം നടത്തുകയോ ഇല്ല. ഇനി നിയമം മറികടന്ന് അങ്ങനെ അരെങ്കിലും ചെയ്താൽ അതു പരിശോധിക്കാനും അതിനുമേൽ നടപടിയെടുക്കാനും സർക്കാറിന്റെ ശക്തമായ നിയമ നിർവ്വഹണ ശൃംഗല ഈ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളീയ സമാജത്തിൽ കാന്റീൻ നടത്തുന്നതിനായി സമാജം അംഗണത്തിൽ നിർമ്മിച്ച തകര ഷെട്ട് ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്നും മതിയായ അനുവാദം വാങ്ങാതെയാണ് പണികഴിപ്പിച്ചത്. ഇതിനുള്ളിൽ കാന്റീൻ നടത്താൻ മുൻ ഭരണ സമിതി ഒരു ഹോട്ടൽ കാർക്ക് അനുവാദം നൽകുകയായിരുന്നു. എന്നാൽ ഈ അനുവാദം നൽകുന്നതിനു മുമ്പ് സമാജം ഭരണാധികാരികൾ സർക്കാരിൽ നിന്നും കാന്റീൻ നടത്താൻ ലൈസൻസ് നേടേണ്ടതുണ്ടായിരുന്നു. ഇതു നേടാതെ അനധികൃതമായി പ്രവർത്തിച്ചതിനാലാണ് ഈ നിർമ്മാണം പൊളിച്ചുമാറ്റാൻ സർക്കാ‍ർ ഉത്തരവിട്ടത്.നിയമ പരവും വ്യവസ്താപിതവുമായി അനുമതിയോടെ പ്രവർത്തിക്കുന്ന ഒന്നിനെയും ആർക്കെങ്കിലും ഒരു കത്തിലൂടെയോ ഫോണിലൂടെയോ മുടക്കികളയാൻ കഴിയുമോ? സമാജം ഭാരവാഹികളുടെ കഴിവുകേടിനെ ഇപ്പോൾ മറ്റുള്ളവരിൽ കെട്ടിവച്ച് തലയൂരാനാണ് ശ്രമിക്കുന്നത്. ഇത് സമാജത്തിൽ കുറച്ചു നാളായി തുടർന്നു വരുന്ന കാര്യമാണ്. ഭരണം കൈയാളുന്നവരുടെ കഴിവുകേടും മണ്ടത്തരവും മറച്ചു വയ്ക്കാൻ അവർ എപ്പോഴും ഒരു അദൃശ്യനായ ശത്രുവിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായം പറയുകയും സമാജത്തിന്റെ അന്തസ്സിനും താല്പര്യത്തിനും എതിരായി പ്രവർത്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേർ വെളിപ്പെടുത്തണം എന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അതു ചെയ്യാതെ വീണ്ടും കാടടച്ചു വെടിവ്യ്ക്കുന്ന രീതിയാണ് ഭരണകക്ഷി നേതാ‍ക്കന്മാർ തുടർന്നു പോരുന്നത്.

കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയ്ക്ക് സോഷ്യൽ മന്ത്രാലയം അംഗീകാരം നൽകാതിരിക്കുകയും സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുകയോ ചെയ്തിട്ടും അംഗങ്ങളുടെ പൊതുയോഗം വിളിച്ചുകൂട്ടി പരിഹാരം കാണാതെ കാര്യങ്ങൾ ഒളിച്ചു വയ്ക്കുകയാണ് ചെയ്തത്. തുടർന്ന് പത്രവാർത്തകൾ വരെ വന്ന സാഹചര്യത്തിൽ ഡിസംബറിൽ അവസാനിക്കുന്ന കമ്മിറ്റി നവംബറിലാണ് പൊതുയോഗം വിളിച്ചത്. എന്നിട്ട് കൂടി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ സമാജത്തിന്റെ പൊതുനന്മയ്ക്കായി സഹകരിക്കുകയും പ്രശ്നം വേഗത്തിൽ പരിഹരിക്കുകയും ചെയ്തു. 2005 ൽ സമാജത്തിനു ഒരു ആസ്ഥാന മന്ദിരം പണിയുന്നതിനുള്ള അനുവാദം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയും അതിനുള്ള പ്ലാനും അനുമതിയും ലഭിക്കാനുള്ള കടമ്പകൾ ഭൂരിഭാഗവും തരണം ചെയ്യുകയും ചെയ്താണ്. എന്നാൽ അവയൊക്കെ തകിടം മറിച്ചു കൊണ്ട് ഭൂവുടമയുടെ പേരിൽ മാർത്തോമാ പാരീസ് ഹാളിനാ‍യി അനുവദിച്ചിരുന്ന ഒരു മൾട്ടി പർപ്പസ് ഹാളിന്റെ പ്ലാനും അനുമതിയും വച്ചു കൊണ്ട് കെട്ടിടം പണിക്ക് തിടുക്കത്തിൽ തറക്കല്ലിടുകയായിരുന്നു. ഉടനേ നടക്കുന്ന ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ രണ്ടാമതും മത്സരിക്കാനായി ഇന്നത്തെ യുണൈറ്റഡ് പാനൽ പ്രസിഡന്റ് സ്ഥാനാർഥി നടത്തിയ മണ്ണൊരുക്ക് നാടകങ്ങളുടെ ഭാഗമായിരുന്നു ഈ തറക്കല്ലിടലും. അങ്ങനെ അനുവാദ പത്രത്തിൽ പോലും ശരിയായ തുടക്കം നടത്താതു കൊണ്ടാണ് ഇന്ന് നാം അനുഭവിക്കുന്ന പല തടസ്സങ്ങളും സമാജം അഭിമുഖീകരിക്കുന്നത്. കാന്റീനു അംഗീകാരം ലഭിക്കുന്നതിനും എന്തിനേറെ പരിപാടികൾ സംഘടിപ്പിക്കുന്നതിനു പോലും തടസ്സമായി വരുന്ന പല നിയമ പ്രശ്നങ്ങളും ഉടലെടുത്തത് ഈ തെറ്റായ തുടക്കത്തിന്റെ ഫലമാണ്. കഴിഞ്ഞ മാസം മുനിസിപ്പൽ കൌൺസിലർ പത്രത്തിലൂടെ പറഞ്ഞതും ഈ വസ്തുതകളുടെ വെളിച്ചത്തിലാണ്. എന്നാൽ അതിനെകുറിച്ച് മാധ്യമത്തിലൂടെ സംശയം ഉന്നയിച്ച ഒരു സാധാരണ മെമ്പറെ അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്റ് ചെയ്തുകയായിരുന്നു ഭരണ സമിതി ചെയ്തത്. ഇത്തരം പിടിപ്പുകേടുകൾ മറച്ചുവയ്ക്കാൻ അതിനു ശേഷം ഓരോകാ‍ലത്തും പലകള്ളങ്ങൾ അവർക്കു പറയേണ്ടി വന്നിട്ടുണ്ട്. സത്യം ഏറ്റു പറഞ്ഞ് ഇനിയെന്ത് മാർഗ്ഗത്തിലൂടെ ഇതിൽ നിന്നു കരകയറാം എന്ന് ചിന്തിക്കുന്നതിനു പകരം ഇപ്പോഴും അരൂപിയായ ഒരു ശത്രുവിനെ കുറിച്ചു പറയുകയും അത് തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവർക്കെതിരെ മത്സരിക്കുന്നവരാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുക മ്ലേഛമായ രാഷ്ട്രീയ തന്ത്രമാണ്. മാത്രമല്ല നിയമ പാലനത്തിനായി സർക്കാർ ചെയ്ത നടപടിയെ ചോദ്യം ചെയ്തു നടത്തുന്ന യുണൈറ്റഡ് പാനലിന്റെ പത്ര പ്രസ്താവനകൾ രാജ്യതാല്പര്യത്തിനു എതിരും നിയമവിരുദ്ധവുമാണെന്നു കൂടി ഓർമ്മപ്പെടുത്തുന്നു.

No comments:

Post a Comment