മനാമയിലെ ഒരു ചെറിയ മുറിയിൽ കുറച്ചു പുസ്തകങ്ങൾ ശേഖരിച്ച് അവ കൈമാറ്റം ചെയ്തു വായിക്കുന്ന കൂട്ടായ്മയിലൂടെയാണ് ബഹ്‌റൈൻ കേരളീയ സമാജം രൂപീകൃതമായത്. അത്തരത്തിൽ സമാജത്തിന്റെ തുടക്കം മുതൽ സാഹിത്യസാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ പ്രബലവും ലക്ഷ്യബോധമുള്ളതുമായിരുന്നു.പിന്നീട് വന്ന പല മോടികളുടെയും സാമൂഹ്യ സാഹചര്യങ്ങൾ ഈ ധാരയെ ദുർബലമാക്കിയെങ്കിലും എന്നും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ അണയാത്ത ഒരു ജ്വാല പോലെ ഉയർത്തി പിടിക്കുന്നതിൽ ഒരു സംഘം ആളുകൾ പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. മലയാളം പാഠശാല, പ്രസംഗ വേദി സജീവമായ സാഹിത്യ വേദി എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ ബെന്യാമിൻ സമാജത്തിന്റെ മുഖപത്രമായ ജാലകത്തിൽ നാലുവർഷം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് , ഇന്നത്തെപ്പോലെ ഓൺലൈൻ മാഗസീനുകളും പ്രവാസപ്രസിദ്ധീകരണങ്ങളും സജീവമല്ലാതിരുന്ന അക്കാലത്ത് മലയാളത്തിലെ ഒട്ടെല്ലാ പ്രമുഖ എഴുത്തുകാരുടെയും രചനകൾ ജാലകത്തിലൂടെ സമാജാംഗങ്ങളിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള കമ്മറ്റിയിൽ അദ്ദേഹം സാഹിത്യവിഭാഗം സെക്രട്ടറിയാണ്. ഈ വിധം പ്രഗത്ഭരായ സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിദ്ധ്യം എക്കാലത്തും സാഹിത്യത്തെ സമാജം പ്രവർത്തനങ്ങളുടെ മുഖ്യവിഷയമാക്കി തീർത്തിട്ടുണ്ട്.
അറബി അടക്കമുള്ള ഇതര ഭാഷാസമൂഹങ്ങളിൽ നിന്നുള്ള എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമായി അന്തർ ദേശീയ കാവ്യോത്സവം സംഘടിപ്പിച്ചത് ശ്രീ ബെന്യാമിൻ സാഹിത്യ വിഭാഗം സെക്രട്ടറിയായിരിക്കുമ്പോഴാണ്. കൂടാതെ വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പ്രവാസ സാഹിത്യ പുരസ്കാരങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുകയും അതിലൂടെ തലയെടുപ്പുള്ള പുതിയ എഴുത്തുകാരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈ വർഷം സമ്മാനർഹമായ ചെറുകഥ ദൃശ്യവത്കരിക്കുന്നതിനായി മലയാളത്തിലെ പ്രമുഖ സംവിധായകൻ താല്പര്യം പ്രകടിപ്പിച്ചത് ഇവിടെ നടക്കുന്ന സാഹിത്യ പ്രവർത്തനങ്ങളുടെ ഗൌരവമാണ് വെളിപ്പെടുത്തുന്നത്.ഒരുപക്ഷേ പ്രവാസി ചരിത്രത്തിൽ ആദ്യമായി സമൂഹ നോവൽ രചന എന്ന ആശയം മുന്നോട്ട് വെക്കാനും ഇരുപത്തിയഞ്ചോളം കഴിവുറ്റ എഴുത്തുകാരുടെ കൂട്ടായ്മയിൽ പുതിയ പ്രവാസകാലത്തിന്റെ പരിശ്ചേദം വെള്ളിപ്പെടുത്തുന്ന ഒരു നോവൽ ഏതാണ്ട് പൂർത്തികരിക്കാനും ഞങ്ങളുടെ സാഹിത്യപ്രവർത്തനത്തിനു കഴിഞ്ഞു.
എക്കാലത്തെയും മികച്ച പ്രവാസി എഴുത്തുകാരനായിരുന്ന ടി.വി.കൊച്ചുവാവയുടെ പത്താം ചരമവാർഷികം ആചരിക്കുകയും പ്രസ്തുത സമ്മേളനത്തിൽ വെച്ച് സമാജം അംഗങ്ങളായ രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തത് സമാജത്തിലെ സാഹിത്യ പ്രവർത്തനങ്ങൾക്ക് വന്നുചേർന്ന പുത്തൻ ഉണർവ്വിന്റെ സാക്ഷ്യപത്രമാണ്. സങ്കുചിത കക്ഷി താത്പര്യങ്ങൾക്കനുസരിച്ച് സാഹിത്യാഭുരുചിയില്ലാത്തവരെ സബ് കമ്മിറ്റികളിൽ നിയമിക്കുക, സാഹിത്യവേദികളിൽ ഇത്തരക്കാരെ പ്രദർശകരാക്കുക തുടങ്ങിയ അനഭലഷണീയ പ്രവണതകൾ പലപ്പോഴും സമാജം സാഹിത്യപ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായിട്ടുണ്ട്. സമാജത്തിന്റെ കഴിഞ്ഞ അറുപതു വർഷത്തെ ചരിത്രത്തിനുള്ളിൽ സാഹിത്യ തല്പരരും ദീർഘവീക്ഷണമുള്ളവരുമായ നിരവധി നേതാക്കന്മാർ സമാജത്തെ നയിച്ചിട്ടുണ്ട്. അവരുടെ തുടർച്ചയായി, വരുന്ന ഒരു കൊല്ലകാലത്ത് സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോജ്ജ്വലമാക്കുന്ന ചില പദ്ധതികൾ നടപ്പിലാക്കാൻ ഞങ്ങളുദ്ദേശിക്കുന്നു.
മലയാള പാഠശാലയെ ശാസ്ത്രീയമായി പുനക്രമീകരിക്കും, മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് ട്രാൻപോർട്ട് സൌകര്യം ഏർപ്പെടുത്തും. കൂടുതൽ ആകർഷകവും സാഹിത്യ സമ്പന്നവുമായ ജാലകം പുറത്തിറക്കും . ബഹ്‌റൈനിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ രചനാ കളരികൾ സംഘടിപ്പിക്കും ഇതിൽ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കും. ബ്ലോഗ്ഗ് ഉൾപ്പടെയുള്ള മേഖലകളിൽ നടക്കുന്ന സിറ്റിസൺ ജേർണലിസവും സാഹിത്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു സമാജം വേദിയാകും.
സമാജം നേതൃത്വം നൽകുന്ന സാഹിത്യ പ്രവർത്തനങ്ങൾ സമാജത്തിന്റെ നാലതിരുകൾക്ക് പുറത്തേക്ക് കൊണ്ട് പോവുകയും ബഹ്‌റൈനിൽ മലയാളികൾ അധിവസിക്കുന്ന വിവിധ കേന്ദ്രങ്ങളിൽ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും.നോബൽ സമ്മാനർഹരായ സാഹിത്യകാരുൾപ്പുടെയുള്ള എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര സാഹിത്യോത്സവവും പുസ്തകമേളയും സംഘടിപ്പിക്കും.
നിബു നൈനാൻ
സാഹിത്യവിഭാഗം സെക്രട്ടറി സ്ഥാനാർത്ഥി
No comments:
Post a Comment