Tuesday, February 23, 2010

കേരളീയ സമാജം കാന്റീൻ പൊളിച്ചതാര്?

സമാജം കാന്റീൻ സംബന്ധിച്ചുള്ള വാർത്തകൾ രണ്ട് ദിവസമായി പത്രവാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അത് ശ്രദ്ധിക്കുന്ന എല്ലാ മലയാളികൾക്കും അതിനുള്ളിലെ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ടാകും. ബഹ്‌റൈൻ സുരക്ഷിതമായ നിയമ വാഴ്ചയുള്ള ഒരു രാജ്യമാണ്. ഇവിടെ എന്തെങ്കിലും നിർമ്മാ‍ണ പ്രവർത്തനങ്ങൾ നടത്തണമെങ്കിലും കച്ചവടങ്ങൾ നടത്തണമെങ്കിലും ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ട്. ഇത്തരത്തിൽ അനുവാദം വാങ്ങാതെ ഒരു പട്ടിക്കൂട് പോലും ഇവിടെ സ്വദേശികളോ, വിദേശികളോ ആയ ആരും പണികഴിപ്പിക്കുകയോ അതിൽ കച്ചവടം നടത്തുകയോ ഇല്ല. ഇനി നിയമം മറികടന്ന് അങ്ങനെ അരെങ്കിലും ചെയ്താൽ അതു പരിശോധിക്കാനും അതിനുമേൽ നടപടിയെടുക്കാനും സർക്കാറിന്റെ ശക്തമായ നിയമ നിർവ്വഹണ ശൃംഗല ഈ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. കേരളീയ സമാജത്തിൽ കാന്റീൻ നടത്തുന്നതിനായി സമാജം അംഗണത്തിൽ നിർമ്മിച്ച തകര ഷെട്ട് ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്നും മതിയായ അനുവാദം വാങ്ങാതെയാണ് പണികഴിപ്പിച്ചത്. ഇതിനുള്ളിൽ കാന്റീൻ നടത്താൻ മുൻ ഭരണ സമിതി ഒരു ഹോട്ടൽ കാർക്ക് അനുവാദം നൽകുകയായിരുന്നു. എന്നാൽ ഈ അനുവാദം നൽകുന്നതിനു മുമ്പ് സമാജം ഭരണാധികാരികൾ സർക്കാരിൽ നിന്നും കാന്റീൻ നടത്താൻ ലൈസൻസ് നേടേണ്ടതുണ്ടായിരുന്നു. ഇതു നേടാതെ അനധികൃതമായി പ്രവർത്തിച്ചതിനാലാണ് ഈ നിർമ്മാണം പൊളിച്ചുമാറ്റാൻ സർക്കാ‍ർ ഉത്തരവിട്ടത്.നിയമ പരവും വ്യവസ്താപിതവുമായി അനുമതിയോടെ പ്രവർത്തിക്കുന്ന ഒന്നിനെയും ആർക്കെങ്കിലും ഒരു കത്തിലൂടെയോ ഫോണിലൂടെയോ മുടക്കികളയാൻ കഴിയുമോ? സമാജം ഭാരവാഹികളുടെ കഴിവുകേടിനെ ഇപ്പോൾ മറ്റുള്ളവരിൽ കെട്ടിവച്ച് തലയൂരാനാണ് ശ്രമിക്കുന്നത്. ഇത് സമാജത്തിൽ കുറച്ചു നാളായി തുടർന്നു വരുന്ന കാര്യമാണ്. ഭരണം കൈയാളുന്നവരുടെ കഴിവുകേടും മണ്ടത്തരവും മറച്ചു വയ്ക്കാൻ അവർ എപ്പോഴും ഒരു അദൃശ്യനായ ശത്രുവിനെ കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനെതിരെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായം പറയുകയും സമാജത്തിന്റെ അന്തസ്സിനും താല്പര്യത്തിനും എതിരായി പ്രവർത്തിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേർ വെളിപ്പെടുത്തണം എന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ അതു ചെയ്യാതെ വീണ്ടും കാടടച്ചു വെടിവ്യ്ക്കുന്ന രീതിയാണ് ഭരണകക്ഷി നേതാ‍ക്കന്മാർ തുടർന്നു പോരുന്നത്.

കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയ്ക്ക് സോഷ്യൽ മന്ത്രാലയം അംഗീകാരം നൽകാതിരിക്കുകയും സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും തടസ്സപ്പെടുത്തുകയോ ചെയ്തിട്ടും അംഗങ്ങളുടെ പൊതുയോഗം വിളിച്ചുകൂട്ടി പരിഹാരം കാണാതെ കാര്യങ്ങൾ ഒളിച്ചു വയ്ക്കുകയാണ് ചെയ്തത്. തുടർന്ന് പത്രവാർത്തകൾ വരെ വന്ന സാഹചര്യത്തിൽ ഡിസംബറിൽ അവസാനിക്കുന്ന കമ്മിറ്റി നവംബറിലാണ് പൊതുയോഗം വിളിച്ചത്. എന്നിട്ട് കൂടി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ സമാജത്തിന്റെ പൊതുനന്മയ്ക്കായി സഹകരിക്കുകയും പ്രശ്നം വേഗത്തിൽ പരിഹരിക്കുകയും ചെയ്തു. 2005 ൽ സമാജത്തിനു ഒരു ആസ്ഥാന മന്ദിരം പണിയുന്നതിനുള്ള അനുവാദം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയും അതിനുള്ള പ്ലാനും അനുമതിയും ലഭിക്കാനുള്ള കടമ്പകൾ ഭൂരിഭാഗവും തരണം ചെയ്യുകയും ചെയ്താണ്. എന്നാൽ അവയൊക്കെ തകിടം മറിച്ചു കൊണ്ട് ഭൂവുടമയുടെ പേരിൽ മാർത്തോമാ പാരീസ് ഹാളിനാ‍യി അനുവദിച്ചിരുന്ന ഒരു മൾട്ടി പർപ്പസ് ഹാളിന്റെ പ്ലാനും അനുമതിയും വച്ചു കൊണ്ട് കെട്ടിടം പണിക്ക് തിടുക്കത്തിൽ തറക്കല്ലിടുകയായിരുന്നു. ഉടനേ നടക്കുന്ന ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ രണ്ടാമതും മത്സരിക്കാനായി ഇന്നത്തെ യുണൈറ്റഡ് പാനൽ പ്രസിഡന്റ് സ്ഥാനാർഥി നടത്തിയ മണ്ണൊരുക്ക് നാടകങ്ങളുടെ ഭാഗമായിരുന്നു ഈ തറക്കല്ലിടലും. അങ്ങനെ അനുവാദ പത്രത്തിൽ പോലും ശരിയായ തുടക്കം നടത്താതു കൊണ്ടാണ് ഇന്ന് നാം അനുഭവിക്കുന്ന പല തടസ്സങ്ങളും സമാജം അഭിമുഖീകരിക്കുന്നത്. കാന്റീനു അംഗീകാരം ലഭിക്കുന്നതിനും എന്തിനേറെ പരിപാടികൾ സംഘടിപ്പിക്കുന്നതിനു പോലും തടസ്സമായി വരുന്ന പല നിയമ പ്രശ്നങ്ങളും ഉടലെടുത്തത് ഈ തെറ്റായ തുടക്കത്തിന്റെ ഫലമാണ്. കഴിഞ്ഞ മാസം മുനിസിപ്പൽ കൌൺസിലർ പത്രത്തിലൂടെ പറഞ്ഞതും ഈ വസ്തുതകളുടെ വെളിച്ചത്തിലാണ്. എന്നാൽ അതിനെകുറിച്ച് മാധ്യമത്തിലൂടെ സംശയം ഉന്നയിച്ച ഒരു സാധാരണ മെമ്പറെ അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്റ് ചെയ്തുകയായിരുന്നു ഭരണ സമിതി ചെയ്തത്. ഇത്തരം പിടിപ്പുകേടുകൾ മറച്ചുവയ്ക്കാൻ അതിനു ശേഷം ഓരോകാ‍ലത്തും പലകള്ളങ്ങൾ അവർക്കു പറയേണ്ടി വന്നിട്ടുണ്ട്. സത്യം ഏറ്റു പറഞ്ഞ് ഇനിയെന്ത് മാർഗ്ഗത്തിലൂടെ ഇതിൽ നിന്നു കരകയറാം എന്ന് ചിന്തിക്കുന്നതിനു പകരം ഇപ്പോഴും അരൂപിയായ ഒരു ശത്രുവിനെ കുറിച്ചു പറയുകയും അത് തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവർക്കെതിരെ മത്സരിക്കുന്നവരാണെന്നു പ്രചരിപ്പിക്കുകയും ചെയ്യുക മ്ലേഛമായ രാഷ്ട്രീയ തന്ത്രമാണ്. മാത്രമല്ല നിയമ പാലനത്തിനായി സർക്കാർ ചെയ്ത നടപടിയെ ചോദ്യം ചെയ്തു നടത്തുന്ന യുണൈറ്റഡ് പാനലിന്റെ പത്ര പ്രസ്താവനകൾ രാജ്യതാല്പര്യത്തിനു എതിരും നിയമവിരുദ്ധവുമാണെന്നു കൂടി ഓർമ്മപ്പെടുത്തുന്നു.

Thursday, February 18, 2010

ഒറ്റക്കണ്ണന്റെ കാഴ്ചകളാകുന്ന കലാപ്രവർത്തനങ്ങൾ


ഒറ്റക്കണ്ണൻ കാണുന്നതു പോലെ ഒരു വശം മാത്രം വ്യക്തമാ‍വുന്ന മോണോ വിഷൻ കലാപ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലു വർഷമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഭരണകക്ഷിയോടുള്ള കൂറ് ആവർത്തിച്ചു വ്യക്തമാക്കുന്ന കലാകാരന്മാരെ മാത്രമേ സമാജത്തിൽ പെർഫോം ചെയ്യാൻ അനുവദിക്കൂ എന്ന നിലപാട് സമാജത്തിൽ വന്നിട്ട് മൂന്ന് നാ‍ല് വർഷമേ ആയിട്ടുള്ളൂ. ഇത് ആത്മാഭിമാനമുള്ള കലാകാരന്മാരെ ആഴത്തിൽ മുറിപ്പെടുത്തി. മുൻപും സമാജത്തിൽ ഇലക്ഷൻ നടന്നിട്ടുണ്ട് ഇലക്ഷൻ കഴിഞ്ഞ് കമ്മിറ്റി നിലവിൽ വന്നാൽ പിന്നെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള കലാ പ്രവർത്തനമാണ് ഇവിടെ നടന്നിട്ടുള്ളത് . ഇതിനു മാറ്റം വന്നതാണ് സമാജത്തിലെ കലാപ്രവർത്തനങ്ങളുടെ മാറ്റ് കുറച്ച കാര്യം. ആ രീതി മാ‍റ്റി കലാകരന്മാരെ ഒരു കുടക്കീഴിൽ കൊണ്ട് വന്നു കൊണ്ട് സമാജം അതിന്റെ പൂർവ്വ കലാ പാരമ്പര്യത്തിൽ ഉണർവ്വുള്ളതാക്കും. കഴിഞ്ഞ വർഷം ശ്രീ ദാമുവിനെ വിജയിപ്പിച്ചതു തന്നെ സമാജം അംഗങ്ങൾ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചു കൊണ്ടായിരുന്നു. എന്നാൽ പ്രവർത്തന സ്വാതന്ത്രം നൽകാതെ കലാപ്രവർത്തനത്തിൽ എ ബി സിഡി അറിയാത്ത ശില്പന്തികളെ കുത്തി നിറച്ച് കലാവേദികളും സമ്മേളനങ്ങളും നിറംകെട്ടതാക്കുകയായിരുന്നു. കലാകരന്മാരെ അനുമോദികാനും അനുസ്മരിക്കാനും കൂടിയ സമ്മേളനങ്ങൾ വരെ അതിനെ കുറിച്ചോ അവരുടെ സംഭാവനയെ കുറിച്ചോ യാതൊന്നും അറിയാത്തവരെ കയറ്റി നടത്തിയ വിണ്‌ഡി നാടകങ്ങളായി അധഃപതിച്ചു പോയി. ഈ ദുരവസ്ഥയ്ക്ക് മാറ്റം വരേണ്ടതുണ്ട്. മുമ്പ് ഉണ്ടായിരുന്നതും പിന്നീട് നിലച്ചുപൊയതുമായ കേരളോത്സവത്തോടനുബന്ധിച്ചുള്ള സമാ‍ജാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് തിരിച്ചുള്ള മത്സരങ്ങൾ പുനരാംഭിക്കും.


ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത നർത്തകരെ കൊണ്ട് വന്ന് നൃത്ത ശിബിരം സംഘടിപ്പിക്കും ഇത് നൃത്ത രംഗത്തെ പുതിയ പരീക്ഷണങ്ങളൂം രീതികളും ഇവിടുത്തെ നൃത്ത വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഗുണകരമാവും.വിഖ്യാത നാടക പ്രവർത്തകരെ കൊണ്ട് വന്ന് നാടക കളരി നടത്തും അത്തരത്തിൽ പുതിയ നാടക സങ്കേതങ്ങളും തീയേറ്ററും പരിചയപ്പെടാൻ നാടക തല്പരർക്ക് അവസരമൊരുക്കും. ലോകോത്തര ഫിലിമുകൾ ഉൾപ്പെടുത്തി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഡോക്കുമെന്ററി ഫിലിമിനും ഷോർട്ട് ഫിലിമിനും പ്രത്യേകം ഫെസ്റ്റിവലും മത്സരവും സംഘടിപ്പിക്കും. ബാലകലോത്സവം നടത്തിപ്പിലും വിധിനിർണ്ണയത്തെ സംബന്ധിച്ചും ഉയർന്നു വന്നിട്ടുള്ള രക്ഷിതാക്കളുടെ പരാതി ഗൌരവമായി പരിഗണിക്കുകയും കലോത്സവം കുറ്റമറ്റതാക്കുകയും ചെയ്യും. ഫോക്ക് ലോർ അക്കാദമിയുമായി ചേർന്ന് നാടൻ കലാരൂപങ്ങളെ പുതിയ തലമുറക്ക് പരിചയ പ്പെടുത്താനും അഭിവൃത്തി പ്പെടുത്താനുമായി കളരികൾ സംഘടിപ്പിക്കും.അനുഗൃഹീതരായ ധാരാളം കലാകരന്മാരും അനുപമായ കഴിവുകൾ പ്രദർശിപ്പിച്ച കുട്ടികളും ബഹ്‌റൈനിൽ ഉണ്ട് ഇവരുടെ കഴിവുകൾ മലയാളി സമൂഹത്തിന്റെ സ്വത്തായി അടയാളപ്പെടുത്തുന്ന കക്ഷി താത്പര്യങ്ങൾക്കതീതമായ നേതൃത്വം നൽകം. സമാജം വേദികളിൽ നടക്കുന്ന നാടകങ്ങളൂം കലാപരിപാടികളും മലയാളികളായ തൊഴിലാളികൾ പാർക്കുന്ന ക്യാമ്പുകളിലും കൂടി പെർഫോം ചെയ്യുന്ന അവസരങ്ങൾ ഒരുക്കും.


-അജിത്

കലാവിഭാഗം സെക്രട്ടറി സ്ഥാനാർത്ഥി


Tuesday, February 16, 2010

സാഹിത്യം പ്രവർത്തനവും സംഘാടനവും

മനാമയിലെ ഒരു ചെറിയ മുറിയിൽ കുറച്ചു പുസ്തകങ്ങൾ ശേഖരിച്ച് അവ കൈമാറ്റം ചെയ്തു വായിക്കുന്ന കൂട്ടായ്മയിലൂടെയാണ് ബഹ്‌റൈൻ കേരളീയ സമാജം രൂപീകൃതമായത്. അത്തരത്തിൽ സമാജത്തിന്റെ തുടക്കം മുതൽ സാഹിത്യസാംസ്കാരിക പ്രവർത്തനങ്ങൾ ഇവിടെ പ്രബലവും ലക്ഷ്യബോധമുള്ളതുമായിരുന്നു.പിന്നീട് വന്ന പല മോടികളുടെയും സാമൂഹ്യ സാഹചര്യങ്ങൾ ഈ ധാരയെ ദുർബലമാക്കിയെങ്കിലും എന്നും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾ അണയാത്ത ഒരു ജ്വാല പോലെ ഉയർത്തി പിടിക്കുന്നതിൽ ഒരു സംഘം ആളുകൾ പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. മലയാളം പാഠശാല, പ്രസംഗ വേദി സജീവമായ സാഹിത്യ വേദി എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ ശ്രീ ബെന്യാമിൻ സമാജത്തിന്റെ മുഖപത്രമായ ജാലകത്തിൽ നാലുവർഷം എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് , ഇന്നത്തെപ്പോലെ ഓൺലൈൻ മാഗസീനുകളും പ്രവാസപ്രസിദ്ധീകരണങ്ങളും സജീവമല്ലാതിരുന്ന അക്കാലത്ത് മലയാളത്തിലെ ഒട്ടെല്ലാ പ്രമുഖ എഴുത്തുകാരുടെയും രചനകൾ ജാലകത്തിലൂടെ സമാജാംഗങ്ങളിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള കമ്മറ്റിയിൽ അദ്ദേഹം സാഹിത്യവിഭാഗം സെക്രട്ടറിയാണ്. ഈ വിധം പ്രഗത്ഭരായ സാഹിത്യകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സാന്നിദ്ധ്യം എക്കാലത്തും സാഹിത്യത്തെ സമാജം പ്രവർത്തനങ്ങളുടെ മുഖ്യവിഷയമാക്കി തീർത്തിട്ടുണ്ട്.
അറബി അടക്കമുള്ള ഇതര ഭാഷാസമൂഹങ്ങളിൽ നിന്നുള്ള എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സമാജത്തിന്റെ ചരിത്രത്തിൽ ആദ്യമായി അന്തർ ദേശീയ കാവ്യോത്സവം സംഘടിപ്പിച്ചത് ശ്രീ ബെന്യാമിൻ സാഹിത്യ വിഭാഗം സെക്രട്ടറിയായിരിക്കുമ്പോഴാണ്. കൂടാതെ വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പ്രവാസ സാഹിത്യ പുരസ്കാരങ്ങൾ വീണ്ടും പുനഃസ്ഥാപിക്കുകയും അതിലൂടെ തലയെടുപ്പുള്ള പുതിയ എഴുത്തുകാരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഈ വർഷം സമ്മാനർഹമായ ചെറുകഥ ദൃശ്യവത്കരിക്കുന്നതിനായി മലയാളത്തിലെ പ്രമുഖ സംവിധായകൻ താല്പര്യം പ്രകടിപ്പിച്ചത് ഇവിടെ നടക്കുന്ന സാഹിത്യ പ്രവർത്തനങ്ങളുടെ ഗൌരവമാണ് വെളിപ്പെടുത്തുന്നത്.ഒരുപക്ഷേ പ്രവാസി ചരിത്രത്തിൽ ആദ്യമായി സമൂഹ നോവൽ രചന എന്ന ആശയം മുന്നോട്ട് വെക്കാനും ഇരുപത്തിയഞ്ചോളം കഴിവുറ്റ എഴുത്തുകാരുടെ കൂട്ടായ്മയിൽ പുതിയ പ്രവാസകാലത്തിന്റെ പരിശ്ചേദം വെള്ളിപ്പെടുത്തുന്ന ഒരു നോവൽ ഏതാണ്ട് പൂർത്തികരിക്കാനും ഞങ്ങളുടെ സാഹിത്യപ്രവർത്തനത്തിനു കഴിഞ്ഞു.
എക്കാലത്തെയും മികച്ച പ്രവാസി എഴുത്തുകാരനായിരുന്ന ടി.വി.കൊച്ചുവാവയുടെ പത്താം ചരമവാർഷികം ആചരിക്കുകയും പ്രസ്തുത സമ്മേളനത്തിൽ വെച്ച് സമാജം അംഗങ്ങളായ രണ്ട് എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തത് സമാജത്തിലെ സാഹിത്യ പ്രവർത്തനങ്ങൾക്ക് വന്നുചേർന്ന പുത്തൻ ഉണർവ്വിന്റെ സാക്ഷ്യപത്രമാണ്. സങ്കുചിത കക്ഷി താത്പര്യങ്ങൾക്കനുസരിച്ച് സാഹിത്യാഭുരുചിയില്ലാത്തവരെ സബ് കമ്മിറ്റികളിൽ നിയമിക്കുക, സാഹിത്യവേദികളിൽ ഇത്തരക്കാരെ പ്രദർശകരാക്കുക തുടങ്ങിയ അനഭലഷണീയ പ്രവണതകൾ പലപ്പോഴും സമാജം സാഹിത്യപ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായിട്ടുണ്ട്. സമാജത്തിന്റെ കഴിഞ്ഞ അറുപതു വർഷത്തെ ചരിത്രത്തിനുള്ളിൽ സാഹിത്യ തല്പരരും ദീർഘവീക്ഷണമുള്ളവരുമായ നിരവധി നേതാക്കന്മാർ സമാജത്തെ നയിച്ചിട്ടുണ്ട്. അവരുടെ തുടർച്ചയായി, വരുന്ന ഒരു കൊല്ലകാലത്ത് സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോജ്ജ്വലമാക്കുന്ന ചില പദ്ധതികൾ നടപ്പിലാക്കാൻ ഞങ്ങളുദ്ദേശിക്കുന്നു.

മലയാള പാഠശാലയെ ശാസ്ത്രീയമായി പുനക്രമീകരിക്കും, മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് ട്രാൻപോർട്ട് സൌകര്യം ഏർപ്പെടുത്തും. കൂടുതൽ ആകർഷകവും സാഹിത്യ സമ്പന്നവുമായ ജാലകം പുറത്തിറക്കും . ബഹ്‌റൈനിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ രചനാ കളരികൾ സംഘടിപ്പിക്കും ഇതിൽ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കും. ബ്ലോഗ്ഗ് ഉൾപ്പടെയുള്ള മേഖലകളിൽ നടക്കുന്ന സിറ്റിസൺ ജേർണലിസവും സാഹിത്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു സമാജം വേദിയാകും.
സമാജം നേതൃത്വം നൽകുന്ന സാഹിത്യ പ്രവർത്തനങ്ങൾ സമാജത്തിന്റെ നാലതിരുകൾക്ക് പുറത്തേക്ക് കൊണ്ട് പോവുകയും ബഹ്‌റൈനിൽ മലയാളികൾ അധിവസിക്കുന്ന വിവിധ കേന്ദ്രങ്ങളിൽ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും.നോബൽ സമ്മാനർഹരായ സാഹിത്യകാരുൾപ്പുടെയുള്ള എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര സാഹിത്യോത്സവവും പുസ്തകമേളയും സംഘടിപ്പിക്കും.

നിബു നൈനാൻ
സാഹിത്യവിഭാഗം സെക്രട്ടറി സ്ഥാനാർത്ഥി

Sunday, February 14, 2010

പുതിയ തുടക്കം പുതിയ വെളിച്ചം


ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2010ലെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 19 നു നടക്കുകയാണല്ലോ ? സമാജത്തിന്റെ സമീപകാ‍ല ദുർമേദസ്സുകൾ അകറ്റി ഒരുമയുടെയും സ്നേഹത്തിന്റെയും സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ഒരു വർഷക്കാലം സമാജത്തിന്റെ ഭരണ നേതൃത്വം വഹിക്കുന്നതിനു കഴിവുറ്റ ഒരു നിര നേതാക്കളെ മത്സരരംഗത്ത് എത്തിച്ചു കൊണ്ട് റിഫോമേർസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് . തിരഞ്ഞെടുപ്പിൽ റിഫോമേർസ് ഉന്നയിക്കുന്ന കർമ്മ പദ്ധതികളുടെ ഒരു ലഘുരൂപം ചുവടെ ചേർക്കുന്നു.

മാനിഫെസ്റ്റോ

ക്രിയാത്മകവും ഭാവനാപൂർണ്ണവുമായ പ്രവർത്തനങ്ങളിലൂടെ ഗൾഫിലെ ഏറ്റവും പ്രമുഖ സാംസ്കാരിക സംഘടനയായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വരുന്ന ഒരു വർഷക്കാലത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും പരിപാടികളും താഴെപ്പറയുന്നവയാണ്.

1. സമാജം ഏതൊരു മലയാളിക്കും ഏതു സമയത്തും അഭയകേന്ദ്രമായി മാറുന്ന വിധത്തിലുള്ള ഹെല്പ് ലൈൻ സൌകര്യങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും എംബസിയുമായും മറ്റ് അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടപ്പിലാക്കും
2.പുതുതായി ബഹ്‌റൈനിൽ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാർക്ക് തൊഴിലിടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാവുന്ന സേവനങ്ങളൊരുക്കും

3.കുട്ടികൾക്ക് ഉപരിപഠനത്തിനുള്ള സാധ്യതയും നിർദ്ദേശങ്ങളും നൽകുന്നതിനും പഠനവൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയുള്ള കുട്ടികൾക്ക് കൌൺസലിംഗ് നൽകുന്നതിനും വിദ്യാഭ്യാസ വിദഗ്ദ്ധ സമിതി രൂപീകരിക്കും.

4.വിദഗ്ധമായ ആസൂത്രണത്തിലൂടെ നടപ്പ് സാമ്പത്തിക കെടുകാര്യസ്ഥത യെ മറികടക്കുകയും ഇന്നത്തെ വലിയ കടത്തിൽ നിന്നും സമാജത്തെ കരകയറ്റുന്നതിനുള്ള സമഗ്ര പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും

5.വിവിധമേഖലകളിൽ നേതൃത്വ പരമായ കഴിവുതെളിയിച്ച ധാരാളം സ്ത്രീകൾ സമാജത്തിലുണ്ട്, അവർക്ക് സമാജത്തിന്റെ നയരൂപീകരണ സമിതികളിൽ വരുന്നതിനുള്ള വർദ്ധിച്ച സൌകര്യമൊരുക്കും.

6.സ്ത്രീകളുടെ അംഗത്വത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ നിക്കംചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകും.

7.സമാജത്തിലെ ഏതൊരംഗത്തിനും രേഖാമൂലം ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം സമാജത്തെ സംബന്ധിക്കുന്ന ഏത് വിവരവും ഔദ്യോഗികമായി ലഭ്യമാവുന്ന വിവരാവകാശ നിയമം കൊണ്ട് വരും ഇത് സമാജം പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും പരിശുദ്ധവുമാക്കും.

8.ബഹ്‌റൈൻ സമൂഹമായി ചേർന്ന് സാംസ്കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കും.
ലോകോത്തര ഫിലിമുകൾ ഉൾപ്പെടുത്തി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും .കൂടാതെ ഡോക്കുമെന്ററി , ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളും മത്സരവും നടത്തും
9.പ്രമുഖ നാടകക്കാരെ പങ്കെടുപ്പിച്ച് പുതിയ നാടക സങ്കേതങ്ങളും തീയേറ്ററും പരിചയപ്പെടുത്തുന്ന നാടക കളരി സംഘടിപ്പിക്കും.

10.നാടൻ കലാരൂ‍പങ്ങളെ പുത്തൻ തലമുറക്ക് പരിചയപ്പെടുത്തുന്ന ശില്പശാലകൾ സംഘടിപ്പിക്കും

11.മലയാള പാഠശാലയെ ശാസ്ത്രീയമായി പുനക്രമീകരിക്കും, മലയാളം ക്ലാസ്സിലെ കുട്ടികൾക്ക് ട്രാൻപോർട്ട് സൌകര്യം ഏർപ്പെടുത്തും.

11.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സയൻസ് ക്ലബ് രൂപീകരിക്കും.

12.5000ത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുത്തി സമാജം ലൈബ്രറിയെ ഗൾഫിലെ ഏറ്റവും വലിയ മലയാള ഗ്രന്ഥശേഖരമായിട്ടുയർത്തും

13.അംഗങ്ങളുടെ പ്രവർത്തനങ്ങളും അഭിരുചികളും പരിചയപ്പെടുത്തികൊണ്ടുള്ള വിപുലമായ മെമ്പേർഴ്സ് ഡയറക്ടറി ( ഹൂ ഈസ് ഹൂ) പുറത്തിറക്കും

14.അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലും പാചകമേളയും

15.ഇന്റർ ഗൾഫ് ബാഡ്മിന്റൻ- ചെസ് ,കാർഡ് 56 ടൂർണമെന്റുകൾ നടത്തും കൂടാതെ വോളിബോൾ, ബാഡ്മിന്റൻ, ചെസ്, ടേബിൾ ടെന്നീസ് എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും.
വോളിബാൾ കോർട്ട് പണികഴിപ്പിക്കും

16.ആകർഷകമായ ഫോർമാറ്റിൽ സാഹിത്യ സമ്പന്നമായ ജാലകം - സാഹിത്യ അവർഡുകൾ
ബഹ്‌റൈനിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ രചനാ കളരികൾ സംഘടിപ്പിക്കും ഇതിൽ പ്രമുഖ സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കും

17.ഒരാഴ്ച നീണ്ടു നിൽക്കുന്ന സാഹിത്യോത്സവവും പുസ്തകമേളയും സംഘടിപ്പിക്കും.